
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; ഒരു കോടിയിലേറെ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
എക്സൈസ് സംഘം തിരുവനന്തപുരം നഗരത്തിൽ നടത്തിയ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ഒരുകോടിയിലേറെ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ആസാം സ്വദേശി അജ്മൽ ( 27) അറസ്റ്റിലായി. വെള്ളിയാഴ്ച ഉച്ചയോടെ മേനംകുളം , ആറ്റിൻകുഴി ഭാഗത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ നിന്നും 30 കിലോയാളം വരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഒരു കോടിയോളം രൂപ വില വരുമെന്ന് എക്സൈസ് സംഘത്തിന്റെ പ്രാഥമിക വിവരം. എക്സൈസ് നെയ്യാറ്റിൻകര റെയിഞ്ച് ഓഫീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് കഴക്കൂട്ടത്തെ വാടക വീടുകൾ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതായി വിവരം ലഭിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ ബിപിസിഎല്ലിന് സമീപമുള്ള ഇരുനില വാടകവീട്ടിൽ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആറ്റിൻകുഴിയിലെ വാടകവീട് പരിശോധിച്ചപ്പോൾ അടുക്കള ഭാഗത്തെ ഗോഡൗണിൽ നിരവധി ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളും സ്കൂൾ കുട്ടികൾക്ക് കൊടുക്കുവാൻ ലഹരി മിഠായികളും കണ്ടെടുത്തു. 500ലധികം ചാക്കുകളിൽ നിറച്ച പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്.