
ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ ഒന്ന്
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഏപ്രിൽ ഒന്ന് വൈകിട്ട് 5 മണിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും. സാസ്കാരിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, സാംസ്കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ കളക്ടർ അനുകുമാരി സാംസ്കകാരിക കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം എന്നിവർ പങ്കെടുക്കും.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബി.എം ശ്രീലത, കെ. ജയപാൽ, എം.എസ് സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. ബാലഭവൻ അധ്യാപകരുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.
രണ്ടു മാസക്കാലത്തെ ക്ലാസുകളിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, എം.പി ജോൺ ബ്രിട്ടാസ്, മുൻ എം.പി എ. സമ്പത്ത്, ഡോ ദിവ്യ എസ്. അയ്യർ, കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി, ചലച്ചിത്ര നടി വിന്ദുജ മേനോൻ, സൈക്യാട്രിസ്റ്റ് അരുൺ ബി. നായർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു എന്നിവർ കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവദിക്കും. വയോജന സദസ്, പാരന്റ്സ് ഡേ, ഫുഡ് ഫെസ്റ്റ്, ടോയ് ഫെസ്റ്റ്, ബാലസാഹിത്യ പുസ്തകമേള എന്നീ പരിപാടികളും ഉണ്ടായിരിക്കും.