Sunday, September 08, 2024
 
 

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു,ആഗസ്ത് ഒന്ന് മുതല്‍ പുതിയ നിരക്ക്

24 July 2024 04:26 PM

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളില്‍ കുറവുണ്ടാകുക. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും. ലോക്സഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ വലിയ പരാജയത്തിന് ഒരു കാരണമായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധനവാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു. അത് കൊണ്ട് ആ വിഷയത്തില്‍ വളരെ പെട്ടെന്നുള്ള ഇടപെടലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും, മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും, മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2023 ഏപ്രില്‍ 1 ന് മുന്‍പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration