ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജൂണ്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്.
രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കുന്നതിനുളള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടിയത്. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞുപോയ ക്ലാസുകള്‍ വിക്ടേഴ്സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും.
അതിനിടെ, ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ് അറിയിച്ചു. ലാപ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. സ്കൂളുകള്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി സ്കൂളുകള്‍ക്ക് 1.25 ലക്ഷം ലാപ്ടോപ്പുകളും 75000 പ്രൊജക്ടറുകളും നല്‍കിയിട്ടുണ്ട്. 5000 ടെലിവിഷനുകളും സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കായി വിനിയോഗിക്കാനാണ് നിര്‍ദേശം.