11 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍
സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ 12 നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദന്തേവാഡ എസ്പി ഗൗരവ് റായ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ പതിനൊന്ന് മണിക്കൂർ നീണ്ടുനിന്നുവെന്നും പന്ത്രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടൽ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.
സുരക്ഷാ സേനയ്ക്കും ഓപ്പറേഷനിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജവാൻമാർ സുരക്ഷിതരാണെന്നും ആക്രമണം ശക്തമായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 29 നക്‌സലൈറ്റുകളെ വധിച്ചപ്പോൾ നാരായൺപൂർ ജില്ലയിലെ അബുജ്മർ മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പത്ത് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.