
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി
ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബിർ പുർകായസ്ത ജയിൽമോചിതനായി. പുർകായസ്‌തയെ യുഎപിഎ കേസിൽ അറസ്‌റ്റ് ചെയ്‌ത ഡൽഹി പൊലീസിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തി സുപ്രീംകോടതിയാണ് രുപ്‍കായസ്തയെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചത്. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു.
2023 ഒക്ടോബർ മൂന്നിനാണ് പ്രബീർപുർകായസ്‌തയെയും വാർത്താപോർട്ടലിന്റെ എച്ച്‌ആർ മാനേജറായ അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌തത്. ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകർ, ജീവനക്കാർ, ന്യൂസ്‌ക്ലിക്കിൽ ലേഖനങ്ങളും റിപ്പോർട്ടുകളും നൽകുന്നവർ തുടങ്ങി 80ഓളം പേരുടെ ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡുകൾ നടത്തിയതിന് ശേഷമായിരുന്നു അറസ്‌റ്റ്. കർഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിലെ ന്യൂസ് ക്ലിക്കിന്റെ നിലപാടുകളായിരുന്നു കേന്ദ്രത്തെ ചൊടിപ്പിച്ചത്.