
ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ
ഇസ്രായേലിലേക്ക് ഇന്ത്യയിൽ നിന്ന് ആയുധവുമായി പുറപ്പെട്ട കപ്പലിന് നങ്കൂരമിടാനുള്ള അനുമതി നൽകാതെ സ്പാനിഷ് സർക്കാർ. 27 ടൺ സ്ഫോടക വസ്തുക്കളുമായി സ്പാനിഷ് തുറമുഖത്ത് മെയ് 21 ന് നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. മരിയൻ ഡനിക എന്ന കപ്പലിനാണ് നങ്കൂരമിടാൻ അനുമതി നിഷേധിച്ചത്. ഇതാദ്യമായാണ് തങ്ങൾ ഇത്തരത്തിൽ തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കിയ സ്പെയിനിലെ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബറെസ് ബ്യൂണോ, ആദ്യമായാണ് ഇസ്രയേലിലേക്ക് ആയുധവുമായി പോകുന്ന കപ്പൽ സ്പെയിനിലെ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടുന്നതെന്നും ബ്രസൽസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സാധാരണ ദീർഘദൂര യാത്ര നടത്തുന്ന ചരക്ക് കപ്പലുകൾ യാത്രാമധ്യേ മറ്റ് തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടാറുണ്ട്. എന്നാൽ ഇനിയും ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകൾക്ക് തങ്ങളുടെ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നൽകില്ലെന്ന് സ്പെയിനിലെ വിദേശകാര്യ മന്ത്രി ഉറച്ച നിലപാടെടുത്തു. മധ്യേഷ്യക്ക് ഇനിയും ആയുധങ്ങൾ വേണ്ടെന്ന നിലപാടാണ് സ്പെയിനിൻ്റേതെന്നും മന്ത്രി പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന നിലപാട് സ്വീകരിക്കുകയും അതിനായി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നിരന്തരം വാദിക്കുകയും ചെയ്യുന്ന രാജ്യമാണ് സ്പെയിൻ. ഗസ മുനമ്പിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ഇസ്രയേലിലേക്കുള്ള ആയുധ വിൽപ്പന സ്പെയിൻ നിർത്തുകയും ചെയ്തിരുന്നു.