
പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി
പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. 2 അംഗ അന്വേഷണ കമ്മീഷണെയാണ് നിയോഗിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
ഇതിനിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രംഗത്തുവന്നിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഗുരുതര ആരോപണങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണൻ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹൻ ഉണ്ണിത്താൻ സൗഹൃദം പുലർത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണൻ പെരിയ പിൻവലിച്ചു.