വളയം ഗവ. ഐ.ടി.ഐ കെട്ടിടം നാടിന് സമര്‍പ്പിച്ചു
വ്യാവസായിക പരിശീലന കേന്ദ്രങ്ങളെ ആധുനികവത്കരിക്കുക എന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതുതായി നിര്‍മിച്ച വളയം ഗവ. ഐ.ടി.ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിരവധി ഐ.ടി.ഐകളെ ആധുനിക രീതിയിലേക്ക് മാറ്റാന്‍ സര്‍ക്കാറിന് സാധിച്ചു.
സര്‍ക്കാര്‍ ഒരുക്കുന്ന മികച്ച സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കഴിവുറ്റവരായി കേരളത്തിലെ കുട്ടികള്‍ വളരുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോമേഷന്‍, ആനിമേറ്റിക്, ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇലക്ട്രിക് തുടങ്ങിയ ട്രേഡുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത തേടും. കളിസ്ഥലം, ഹോസ്റ്റല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സംസ്ഥാനത്തെ ഐ.ടി.ഐകളുടെ മുഖച്ഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വളയം ഗ്രാമപഞ്ചായത്തിന്റെ ചെക്കോറ്റയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് സംസ്ഥാന സര്‍ക്കാര്‍ 10 കോടി ചെലവിട്ട് ഐ.ടി.ഐക്ക് പുതിയ ബഹുനില കെട്ടിടം ഒരുക്കിയത്. ക്ലാസ് മുറികള്‍, ഹാളുകള്‍, ഓഫീസ് മുറികള്‍, ശുചിമുറികള്‍, ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ട്.
ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, വൈസ് പ്രസിഡന്റ് പി ടി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി അംബുജം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വിനോദന്‍, മെമ്പര്‍ വി പി ശശിധരന്‍, സ്വാഗതസംഘം കണ്‍വീനര്‍ ദിവാകരന്‍, പ്രിന്‍സിപ്പല്‍ സി കെ പ്രസാദ്, ട്രെയിനിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി ഷൈന്‍ കുമാര്‍, പി.ടി.എ പ്രസിഡന്റ് ടി ടി സുനില്‍കുമാര്‍, ട്രെയിനിങ് കൗണ്‍സിലര്‍ ചെയര്‍മാന്‍ വിനേക്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

