ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്‌കൂൾ മേധാവികളുടെ സെമിനാർ തിരുവനന്തപുരത്ത്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാദമി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിന്റെ ഉദ്ഘാടനം നവംബർ 4 രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ടതും നൂതനവുമായ പ്രവർത്തനങ്ങളും ആശയങ്ങളും ദേശീയ ശ്രദ്ധയിൽ എത്തിക്കുന്നതിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാതൃകകൾ വിലയിരുത്താനും സ്വാംശീകരിക്കാനുമുളള അവസരം ഒരുക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി അധ്യക്ഷത വഹിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ വൈസ് ചാൻസലർ ഡോ. ശശികല ജി. വഞ്ചാരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. നവംബർ 4, 5, 6 തീയതികളിലായി തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറിയിൽ വച്ച് നടക്കുന്ന സെമിനാറിൽ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂൾ മേധാവികൾ, ഗവേഷകർ, അധ്യാപക-വിദ്യാർഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ സ്‌കൂൾ വിദ്യാഭ്യാസ സംബന്ധിയായ കേസ് സ്റ്റഡികളും ഗവേഷണ പ്രബന്ധങ്ങളും മികച്ച മാതൃകകളും അവതരിപ്പിക്കും.

