ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമി: 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു
സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ചാമ്പ്യൻസ് എഡ്ജ് സ്പോർട്ട്സ് അക്കാദമിയിലെ 225 കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു.
മികച്ച കായികതാരങ്ങളെ വാർത്തെടുക്കുകയാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സ്, വോളിബോൾ, ക്രിക്കറ്റ്, നെറ്റ്‌ബോൾ, ബാഡ്മിന്റൺ, ടെന്നീസ് എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ്, ജേഴ്സി, പോഷകാഹാരം, പരിശീലകർക്ക് ഹോണറേറിയം എന്നിവ നൽകുന്നതിന് വാർഷിക പദ്ധതിയിൽ 7.87 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ അബ്ദുൾ നാസർ, ടി.ജി സജി, സി.ബിനു, ആർ.എസ് ബിനുരാജ്, സി.കെ ഏലിയാമ്മ എന്നിവർ സംസാരിച്ചു.

