കുന്നോത്ത്‍പറമ്പ് ജനകീയാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു
കുന്നോത്ത്‍പറമ്പ് ഗ്രാമപഞ്ചായത്തിലെ ചെണ്ടയാട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കുനുമ്മൽ കല്ലറക്കലിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ എം.എൽ.എ അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
മാവിലേരി അങ്കണവാടി കെട്ടിടത്തിന്റെ മുകളിൽ പരിമിതമായ സൗകര്യങ്ങളോടുകൂടിയ ഒറ്റമുറിയിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ദേശീയ ആരോഗ്യ മിഷന്റെ 2021-22 വർഷത്തെ എൻ എച്ച് എം ആർ ഒ പി ഫണ്ട് 67 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അങ്കണവാടിക്ക് സമീപം ശ്രീനാരായണ ഗുരു മഠം കമ്മിറ്റി കണ്ടോത്തുംചാൽ നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം.
ഗർഭധാരണ നിർണയം, ഗർഭിണികൾക്കായുള്ള പരിശോധനയും തുടർ പരിചരണവും, കുട്ടികളിലെ വളർച്ചാ നിരക്ക് പരിശോധനയും പോഷകക്കുറവ് കണ്ടെത്തലും, രോഗ പ്രതിരോധ കുത്തിവെപ്പുകൾ, വിളർച്ച പരിശോധന, കുട്ടികൾക്കും അമ്മമാർക്കുമുള്ള കൗൺസിലിംഗ്, ജീവിത ശൈലി രോഗങ്ങൾക്കായുള്ള സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, വാർഡ് തല ആരോഗ്യ ശുചിത്വ സമിതി തുടങ്ങിയ സേവനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ നൽകുന്നത്.
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി പി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക പതിയന്റവിട, സാദ്ദിഖ് പാറാട്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പേഴ്സൺമാരായ എൻ പി അനിത, പി.കെ മുഹമ്മദ് അലി, പി മഹിജ, ഗ്രാമപഞ്ചായത്ത് അംഗം ഗിരീഷ് പോതിയാൽ, സെക്രട്ടറി ഇൻ ചാർജ് എൻ.കെ സാഗർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. എസ്. ദീക്ഷിത്, ശ്രീനാരായണ മഠം കമ്മിറ്റി അംഗം സി ബാലൻ, കെ നൗഷാദ്, സി. വി. എ. ജലീൽ മാസ്റ്റർ, ടി. പി മുസ്തഫ, പി വി രോഹിത് റാം, കെ പി നന്ദനൻ, മുകുന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

