റിസക് ഫണ്ട് ധനസഹായമായി ഇതുവരെ നൽകിയത് 464.73 കോടി രൂപ
* ഇന്ന് അനുവദിച്ചത് 36,97,44,468 രൂപ
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസക്ഫണ്ട് ധനസഹായമായി 36,97,44,468 രൂപ കൂടി അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. 3,848 വായ്പകളിലായിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം സംസ്ഥാനത്ത് സഹകരണ വകുപ്പ് റിസക് ഫണ്ട് ധനസഹായമായി 464,73,45,574 കോടി രൂപയുടെ ധനസഹായം നാളിതുവരെ അനുവദിച്ചിട്ടുണ്ട്. 50,752 വായ്പകളിലായിട്ടാണ് ഇത്രയും തുക ധനസഹായമായി നൽകിയതെന്നും മന്ത്രി പറഞ്ഞു.
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ചുമതലയിൽ 2008 ൽ റിസ്‌ക് ഫണ്ട് ധനസഹായ പദ്ധതി ആരംഭിച്ചതിനു ശേഷം നാളിതുവരെ 1031.45 കോടി രൂപയാണ് ധനസഹായമായി നൽകിയത്. 1,28,516 അപേക്ഷകർക്കായാണ് ഇത്രയും തുക വിതരണം ചെയ്തത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2021-ൽ ചുമതലയേറ്റ ഇപ്പോഴത്തെ ബോർഡാണ് ഏറ്റവും അധികം തുക ധനസഹായമായി ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ആകെ വിതരണം ചെയ്ത ധനസഹായത്തിന്റെ പകുതിയിലേറെ ധനസഹായം (464.73 കോടി രൂപ) നൽകിയത് ഈ സർക്കാരിന്റെ കാലത്താണ്.
ഇന്ന് മന്ത്രിയുടെ ചേംബറിൽ ചേർന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മരണാനന്തര സഹായവും മാരകരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം ജില്ലയിൽ 164 അപേക്ഷർക്കായി 2,09,12,306 രൂപ, കൊല്ലം ജില്ലയിൽ 182 അപേക്ഷകർക്കായി 2,60,51,989 രൂപ, പത്തനംതിട്ട ജില്ലയിലെ 43 അപേക്ഷകർക്കായി 51,56,355 രൂപ, ആലപ്പുഴ ജില്ലയിൽ 75 അപേക്ഷകർക്കായി 92,23,844 രൂപ, കോട്ടയം ജില്ലയിലെ 171 അപേക്ഷകർക്കായി 2,35,86,057 രൂപ, ഇടുക്കി ജില്ലയിൽ 215 അപേക്ഷകർക്കായി 1,87,53,534 രൂപ, എറണാകുളം ജില്ലയിൽ 456 അപേക്ഷകർക്കായി 4,26,62,232 രൂപ, തൃശൂർ ജില്ലയിൽ 617 അപേക്ഷകർക്കായി 6,04,22,151 രൂപ, പാലക്കാട് ജില്ലയിലെ 311 അപേക്ഷകർക്കായി 3,16,97,510/- രൂപ, മലപ്പുറം ജില്ലയിലെ 274 അപേക്ഷകർക്കായി 2,83,42,400 രൂപ, കോഴിക്കോട് ജില്ലയിൽ 144 അപേക്ഷകർക്കായി 1,32,94,895 രൂപ, വയനാട് ജില്ലയിൽ 62 അപേക്ഷകർക്കായി 43,46,524 രൂപ, കണ്ണൂർ ജില്ലയിൽ 951 അപേക്ഷകർക്കായി 7,24,17,353 രൂപ, കാസർഗോഡ് ജില്ലയിലെ 183 അപേക്ഷകർക്കായി 1,28,77,318 രൂപ എന്നിങ്ങനെയാണ് ജൂലൈ 7 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ലഭിച്ച അപേക്ഷകളിൽ തീരുമാനം എടുത്ത് ധനസഹായം അനുവദിച്ചതിന്റെ ജില്ലതിരിച്ചുള്ള കണക്ക്.
സഹകരണ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ. എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.

