
മലയാളദിന- ഭരണഭാഷാ വാരാഘോഷം: മാർഗനിർദേശം പുറത്തിറക്കി
കേരളത്തിലെ ഭരണഭാഷ മലയാളമാക്കുകയെന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 2025-ലെ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വിപുലമായി സംഘടിപ്പിക്കാൻ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കേരളപ്പിറവിയുടെ 69-ാം വാർഷികമായ നവംബർ 1 മലയാളദിനമായും നവംബർ 1 മുതൽ 7 വരെ ഭരണഭാഷാ വാരാഘോഷമായും ആചരിക്കും.
നവംബർ 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യും. നവംബർ 1 ന് എല്ലാ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഓഫീസ് മേധാവിയുടെ അധ്യക്ഷതയിൽ ഭരണഭാഷാസമ്മേളനം സംഘടിപ്പിക്കണം. സമ്മേളനത്തിൽ ഉദ്യോഗസ്ഥർക്ക് ‘ഭരണഭാഷാപ്രതിജ്ഞ’ ചൊല്ലിക്കൊടുക്കണം.
പ്രതിജ്ഞ
‘മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരള സംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും.’
വിദ്യാലയങ്ങളിൽ മലയാളദിനത്തിൽ ചേരുന്ന അസംബ്ലിയിൽ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാർഥികളും പ്രത്യേക മലയാളഭാഷാ പ്രതിജ്ഞ എടുക്കണം.
പ്രതിജ്ഞ
‘മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻ തന്നെയാണ്.’
ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും വിദ്യാലയങ്ങളിലും ബാനറുകൾ പ്രദർശിപ്പിക്കണം. ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പരിശീലന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവ വിവിധ വകുപ്പുകൾ സംഘടിപ്പിക്കണം. വാരാഘോഷത്തിന്റെ ഭാഗമായി ഓഫീസുകളിൽ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാളപദങ്ങളും എഴുതി പ്രദർശിപ്പിക്കണം. ആഘോഷപരിപാടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് എല്ലാ വകുപ്പുമേധാവികളും ജില്ലാ ഇൻഫർമേഷൻ ഓഫീസർമാരും നവംബർ 30 നകം ഔദ്യോഗികഭാഷാവകുപ്പിന് ലഭ്യമാക്കണം.
നവംബർ 1 മുതൽ 7 വരെ സംസ്ഥാന, ജില്ലാ, താലൂക്ക്, പഞ്ചായത്തുതലങ്ങളിൽ ഭരണഭാഷാമാറ്റത്തിന് ഉതകുംവിധമുള്ള ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പിന്റെ സർക്കുലറിൽ നിർദ്ദേശിക്കുന്നു.