
വനിതാ-ശിശു വികസനത്തിൽ കേരളം രാജ്യത്തിന് മാതൃക
വനിതാ ശിശു വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് വനിതാ ശിശു വികസന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്. വനിതാ ശിശു വികസന വകുപ്പിന്റെ തിരൂരിൽ നടക്കുന്ന സംസ്ഥാന തല സെമിനാറിൽ വകുപ്പിന്റെ കഴിഞ്ഞദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ. ശർമിള. യു.എൻ., നീതി ആയോഗ്, മനുഷ്യ വികസന സൂചിക തുടങ്ങിയ വിവിധ സൂചികകളിൽ കേരളം മുന്നിലാണ്. സംസ്ഥാന സർക്കാർ കൃത്യമായി ആസൂത്രണം ചെയ്ത വിവിധ പദ്ധതികൾ മുഖാന്തിരമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
വിദ്യാഭ്യാസ രംഗം, സാക്ഷരത, സ്ത്രീ-പുരുഷാനുപാതം, ഉന്നത വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീകൾ മുന്നിലാണ്. 2017 മുതൽ സംസ്ഥാനത്ത് ജെൻഡർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായി ജെൻഡർ ബഡ്ജറ്റ് അവതരിപ്പിച്ചത് കേരളമാണ്. നിർഭയ, ട്രാൻസ് ജെൻഡർ, വനിതാ-ശിശു, സൗഹൃദ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നു.
ശാരീരിക പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് മാനസിക- നിയമ പിന്തുണ നൽകാൻ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സുപ്രീം കോടതി പ്രത്യേകമായി പരാമർശിച്ചു. കോവിഡ് ബാധിച്ചും വയനാട് ദുരന്തത്തിലും രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്നുണ്ട്. അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ഐ.സി.ഡി.എസ്. വഴി പോഷകാഹരങ്ങൾ നൽകുന്നതിലൂടെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിഞ്ഞു. അങ്കണവാടികളിൽ മെനു പരിഷ്കരിക്കുകയും 234 അങ്കണവാടികൾ സ്മാർട്ട് ആക്കി മാറ്റുകയും ചെയ്തു. വൺ സ്റ്റോപ്പ് സെന്ററുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്. 2031 ആകുമ്പോഴേക്കും സമ്പൂർണ വനിതാ-ശിശു സൗഹൃദ സംസ്ഥാനമായി മാറുക എന്നതാണ് ലക്ഷ്യം- ഡോ. ശർമിള പറഞ്ഞു.