
മാറ്റത്തിന്റെ മനോഹര ചിത്രങ്ങളുമായി മേലാറ്റൂര്‍: വികസന സദസ്സില്‍ ശ്രദ്ധേയമായി ചിത്ര പ്രദര്‍ശനം
മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും നേര്‍ക്കാഴ്ചയായി.
പഞ്ചായത്തിന്റെ പ്രൗഢ നേട്ടങ്ങളില്‍ ഒന്നായ പഞ്ചായത്ത് ഷോപ്പിംങ് കോപ്ലക്സിന് മുന്നില്‍ സംഘടിപ്പിച്ച വികസന സദസിന്റെ വേദിയോട് ചേര്‍ന്ന് തന്നെയാണ് ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് ഭരണ സമിതി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കിയ പ്രധാന പദ്ധതികളുടെ ചിത്രങ്ങളും പരിപാടികളുമായി 150 ഓളം ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്.
മേലാറ്റൂര്‍ ചെമ്മാണിയോട് കയര്‍ ഭൂവസ്ത്രത്തില്‍ മനോഹരമാക്കിയ കുളം, തോടുകള്‍, കാര്‍ഷിക, ആരോഗ്യ, വിദ്യഭ്യാസ മേഖലകളില്‍ കൈവരിച്ച വികസനങ്ങള്‍ ഹൈടെക് ക്ലാസ് മുറികളിലെ കുട്ടികളുടെ ചിരി, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മികച്ച ചികിത്സാ സൗകര്യങ്ങള്‍, വഴിയോരങ്ങള്‍ ശുചിയാക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഊര്‍ജ്ജസ്വലത, പുതുതായി നിര്‍മ്മിച്ച റോഡുകളിലൂടെയുള്ള യാത്രകള്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു ഓരോ ഫ്രെയിമും.
കൃഷിയിടങ്ങളിലെ വിളവെടുപ്പ് മുതല്‍ പ്രായമായവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചതിലുള്ള ആശ്വാസം വരെ ഓരോ ചിത്രത്തിലും വ്യക്തമായിരുന്നു. പ്രദര്‍ശനം കാണാനെത്തിയ നാട്ടുകാര്‍ക്ക് ഇത് വെറുമൊരു കാഴ്ചയല്ല, തങ്ങളുടെ നാടിന്റെ വളര്‍ച്ചയുടെ മനോഹരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു, ഒപ്പം ഭാവിയിലേക്കുള്ള പ്രതീക്ഷയും. ചിത്ര പ്രദര്‍ശനത്തോട് ചേര്‍ന്ന് കെ-സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനുള്ള കൗണ്ടറും മേലാറ്റൂരിന്റെ സമഗ്ര വികസനം അടിസ്ഥാനമാക്കി 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശനവും നടത്തി.