
എൻ.ആർ.ഐ കമ്മീഷൻ: മേഖലാതല അദാലത്തുകൾ പുനരാരംഭിക്കും
എൻ.ആർ.ഐ കമ്മീഷന്റെ മേഖലാതല അദാലത്തുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ജസ്റ്റിസ് (റിട്ട) സോഫി തോമസ് ചെയർപേഴ്സണായ പുനഃസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. അടുത്ത അദാലത്ത് എറണാകുളം കലക്ട്രേറ്റിൽ സെപ്റ്റംമ്പർ 16 ന് രാവിലെ പത്ത് മണിക്ക് നടക്കും. തിരുവനന്തപുരത്ത് യോഗത്തോടനുബന്ധിച്ചു നടന്ന അദാലത്തിൽ 12 പരാതികൾ പരിഗണിച്ചു. റിക്രൂട്ട്മെന്റ്-വിസാ തട്ടിപ്പുകൾ, ഫണ്ട് തിരിമറി, അതിർത്തി തർക്കം, ആനുകൂല്യം നിഷേധിക്കൽ, ബിസിനസ് തർക്കം, കുടുംബ തർക്കം, ഉപേക്ഷിക്കൽ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്.
പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയവും അർദ്ധ ജുഡീഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാം. ചെയർ പേഴ്സൺ, എൻ.ആർ.ഐ.കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ secycomns.nri@kerala.gov.in ലോ പരാതികൾ അറിയിക്കാം. കമ്മീഷൻ അംഗങ്ങളായ പി.എം ജാബിർ, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊൻമാങ്കൽ, ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്, കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തു.