
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സഹകരണ എക്സ്പോ. 2022-ൽ രൂപംകൊണ്ട ഈ ആശയം, കേരളത്തിലെ സഹകരണ മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിൽ വലിയ വിജയം നേടി. തിരുവനന്തപുരത്ത് വിജയകരമായി മൂന്ന് എഡിഷനുകൾ പൂർത്തിയാക്കിയ സഹകരണ എക്സ്പോയെ മലയാളികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത് സഹകരണ ഉത്പന്നങ്ങൾക്ക് ബ്രാൻഡ് പദവി നേടിക്കൊടുത്തു.
സഹകരണമേഖലയിലെ കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇപ്പോൾ ആഗോളവിപണിയിലും എത്തുന്നുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. സഹകരണ എക്സ്പോയിലൂടെ മലയാളികൾക്ക് പ്രിയങ്കരങ്ങളായി മാറിയ ഈ ഉൽപ്പന്നങ്ങൾ ആമസോണിലൂടെയും വിൽപന ആരംഭിച്ചത് വിപണന സാധ്യതകളും വർധിപ്പിച്ചു.
നെല്ലിന്റെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ കാര്യക്ഷമമാക്കാൻ സഹകരണ കൂട്ടായ്മയിലൂടെ രണ്ട് പുതിയ സംഘങ്ങൾ രൂപീകരിച്ചു.
കുട്ടനാട്, അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് കാപ്കോസ് പ്രവർത്തിക്കുന്നു. കോട്ടയത്ത് കാപ്കോസിന്റെ ആധുനിക മില്ലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പാപ്കോസ് പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഈ സംഘങ്ങൾ നെൽകർഷകർക്ക് വലിയ താങ്ങും സഹായവുമാണ്.
സംസ്ഥാനത്തൊട്ടാകെ പുതിയ കർഷക ഉത്പാദക സംഘങ്ങൾ രൂപീകരിക്കുകയും നിലവിലുള്ള സംഘങ്ങൾക്ക് ആവശ്യമായ വായ്പ നൽകി അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കി. ഇതുവരെ 36 ഓളം കർഷക ഉത്പാദക സംഘങ്ങൾ (FPOs) സംഘടിപ്പിക്കാൻ കഴിഞ്ഞു. ഇതിൽ 18 എണ്ണം വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ഈ പദ്ധതിക്കായി കേരള സർക്കാർ 10 കോടി രൂപ സഹായം അനുവദിച്ചു. 10 ലക്ഷം രൂപ വീതം 100 FPOs-കൾക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഈ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സഹകരണ വകുപ്പ് കാർഷികമേഖലയ്ക്ക് കൈത്താങ്ങാവുകയും കർഷകരെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കരുത്തോടെ കേരളം- 72