തിരുവനന്തപുരത്തിന് നന്ദി
എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേളകളായി കലോത്സവങ്ങളെ മാറ്റും: മന്ത്രി വി ശിവൻകുട്ടി
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം മികച്ച പിന്തുണയാണ് നൽകിയതെന്നും അതിനു അനന്തപുരി നിവാസികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താകുറിപ്പിൽ അറിയിച്ചു
എല്ലാ അർത്ഥത്തിലും സമ്പൂർണ വിജയമായിരുന്നു ഈ കലോത്സവം.
ഒരു പരാതി പോലുമില്ലാതെയാണ് മേള
കൊടിയിറങ്ങുന്നത്.
മേളയുടെ വിജയത്തിനായി രൂപീകരിച്ച 19
കമ്മിറ്റികളും ഒന്നിനൊന്നു മെച്ചമായി
പ്രവർത്തിച്ചു. മികച്ച കലാസൃഷ്ടികളാണ് കുട്ടികൾ കാഴ്ച വെച്ചത്. അപ്പീലുകൾ കുറഞ്ഞ കലോത്സവം എന്ന നിലയിലും ഈ കലോത്സവം മികച്ചു നിന്നു. കൃത്യസമയത്തു മത്സരങ്ങൾ തുടങ്ങാനും പൂർത്തിയാക്കാനും സാധിച്ചു.
കലോത്സവമേളകൾ എല്ലാ വിഭാഗങ്ങളുടെയും ഇൻക്ലൂസീവ് മേള ആയിരിക്കണം. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ പത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന
മേളയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം.
ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങൾ പങ്കെടുക്കുന്ന ഈ മഹോത്സവം
കൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി നിലനിൽക്കണം. ഇത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും
തിരിച്ചറിഞ്ഞു പ്രവർത്തിക്കണം.
ഒരൊറ്റ പരാതി പോലുമില്ലാതെ കലാമേള പൂർത്തിയാക്കാനായതു മികച്ച നേട്ടമാണ്.
വിധി നിർണയത്തിലും മറ്റും സ്വീകരിച്ച
കർശന നിലപാടുകളുടെ പരിണിത ഫലം
കൂടിയാണ് പരാതികൾ കുറയാൻ
കാരണമായത്.
അടുത്ത കലോത്സവം മുതൽ സ്‌കൂൾതലം തൊട്ടുള്ള വിധിനിർണയം പൂർണമായും
കുറ്റമറ്റതാക്കാനുള്ള നടപടികൾ
സ്വീകരിക്കും. വിധികർത്താക്കളെ നിശ്ചയിക്കുന്നത് മുതൽ കൃത്യമായ നിർവചനങ്ങളും മാനദണ്ഡങ്ങളും ഉണ്ടാവും.
കുറ്റമറ്റ വിധി നിർണയം സാധ്യമാക്കുന്നതിന് മാനുവലിൽ പരിഷ്‌കരണം നടത്തും. ഒപ്പം സാമ്പത്തിക പരാധീനത കലാപരമായ കഴിവിന്റെ വളർച്ചയ്ക്ക് കുട്ടികൾക്ക്
ഒരിക്കലും തടസ്സമാകാതിരിക്കാൻ മേളകളിൽ അനാവശ്യമായ ധാരാളിത്തം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
നിലവിൽ ആയിരം രൂപയുള്ള
കലോൽസവ ഒറ്റത്തവണ സാംസ്‌കാരിക
സ്‌കോളർഷിപ്പ് ആയിരത്തി അഞ്ഞൂറ്
രൂപയായി ഉയർത്തുന്ന കാര്യം അന്തിമ നടപടികളിലാണെന്നു അറിയിച്ച ധന കാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.
ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ
ജനതയുടെ കലാരൂപങ്ങൾ മേളയിൽ മത്സര ഇനമായി ഉൾപ്പെടുത്താനായി. കൂടുതൽ പ്രാദേശിക കലകളെ വരും മേളകളുടെ ഭാഗമാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനം മുഴുവൻ ഈ കലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെ എത്തിക്കാൻ മാധ്യമങ്ങൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.
കുഞ്ഞു കലാകാരന്മാർക്ക് തങ്ങളുടെ
കലകൾ ലോകം മുഴുവൻ കാണിക്കാനുള്ള
ഒരു അവസരം കൂടിയാണിതിലൂടെ
ലഭിച്ചത്. മാധ്യമ പ്രവർത്തകർ നൽകിയ മികച്ച
പിന്തുണക്കും മന്ത്രി വാർത്താകുറിപ്പിൽ നന്ദി അറിയിച്ചു.