വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍
ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാകും. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. 1984 ൽ ഐഎസ്ആർഒയിൽ ചേർന്ന ഇദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറാണ്. ഡോ. എസ് സോമനാഥിന്‍റെ കാലാവധി ജനുവരി 15ന് തീരാനിരിക്കെയാണ് പുതിയ മേധാവിയായി വി നാരായണന്‍റെ നിയമനം.
സൗണ്ടിംഗ് റോക്കറ്റുകളിൽ തുടങ്ങി എസ്എൽവി, എഎസ്എൽവി എന്നീ ഇസ്രൊയുടെ ആദ്യകാല വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ പങ്കാളിയായി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ചന്ദ്രയാൻ രണ്ട്, മൂന്ന് ദൗത്യങ്ങൾക്കുള്ള റോക്കറ്റ് എഞ്ചിനുകൾ എൽപിഎസ്‍സി യാഥാർഥ്യമാക്കിയത് നാരായണൻ മേധാവിയായിരിക്കുന്ന കാലത്താണ്. ചന്ദ്രയാൻ രണ്ട് പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനും ഡോ. നാരായണനായിരുന്നു.ഭാവിയുടെ എഞ്ചിനുകളായ ലോക്സ് മിഥെയ്ൻ എഞ്ചിനും ഉപഗ്രഹങ്ങളിലടക്കം ഉപയോഗിക്കാനുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യ വികസനത്തിനും നേതൃത്വം നൽകുന്നതിനിടെയാണ് ഡോ. നാരായണന് ഐഎസ്ആർഒ തലപ്പത്തേക്കുള്ള പുതിയ നിയോഗം.