2 മക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിന്നാലെ ജീവനൊടുക്കി സോഫ്റ്റ്വെയർ എൻജിനീയറും ഭാര്യയും
ബെംഗളൂരുവിൽ മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനിയിൽ കൺസൽട്ടന്റായി ജോലി ചെയ്യുകയായിരുന്നു അനൂപ്.
തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരിയെത്തി വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് അയൽക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം അനൂപും രാഖിയും തൂങ്ങി മരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരിയായ മകൾ അനുപ്രിയയുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി പൊലീസിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.