ടിവികെയുമായുള്ള സഖ്യ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടു
തമിഴ്‌നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിജയ് പിന്തുണ തേടിയതായി കെ സി വേണുഗോപാല്‍ പറഞ്ഞു. ടിവികെ-കോണ്‍ഗ്രസ് സഖ്യ തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടു. സാഹചര്യം നോക്കി തമിഴ്‌നാട് പിസിസിക്ക് തീരുമാനമെടുക്കാം. മതേതര സര്‍ക്കാരിന് വേണ്ടിയായിരുന്നു തമിഴ്‌നാട്ടിലെ ജനവിധിയെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കണമെന്നായിരുന്നു ആവശ്യം. വിജയ്ക്ക് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് നേരത്തേ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ഡിഎംകെയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

