ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി മന്ത്രി കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ആയിരുന്നില്ല, ട്രിപ്പിങ് കാരണമായിരുന്നു ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കാലാവസ്ഥയില്‍ വന്ന മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ പെരുകിയതും തിരിച്ചടിയായയെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി സമയത്ത് വേഗത്തില്‍ തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പരോക്ഷവിമര്‍ശനം നടത്തി.
നിലവിൽ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും KSEB വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി.
നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

