വൈക്കം സത്യഗ്രഹം രാജ്യത്തെ പല സാമൂഹിക പോരാട്ടങ്ങൾക്കും പ്രചോദനമേകി: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമിപ്പിക്കാൻ കൂടിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിന്റെ പൊതുസമ്മേളനം വൈക്കം ബീച്ചിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സാമൂഹിക പോരാട്ടങ്ങളുടെയും നാന്ദി കുറിച്ച സമരമായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കം ഒറ്റപ്പെട്ട വിജയമല്ല, പിന്നീടുള്ള വിജയങ്ങളുടെ തുടക്കമായിരുന്നു. എല്ലാ മേഖലകളിലും തുടർച്ചയായ വിജയങ്ങൾ നേടാൻ നമുക്ക് ഉറച്ചു നിൽക്കാം. എന്തു തടസങ്ങൾ വന്നാലും നമ്മൾ അവയെ തകർക്കും. എന്തു വില കൊടുത്തും ഒരു സമത്വ സമൂഹം സ്ഥാപിക്കും.
കേരളം വിദ്യാഭ്യാസത്തിലും രാഷ്ട്രീയ,സാമൂഹിക അവബോധത്തിലും മുന്നിലുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള മണ്ണിൽ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ അടയാളമായി വൈക്കം സ്മാരകം നിലകൊള്ളും.
എല്ലാവർക്കും സമത്വം എന്നതാണ് തമിഴ്‌നാട് സർക്കാറിന്റെ ദ്രവീഡിയൻ മോഡൽ ഉൾക്കൊള്ളുന്നത്. തന്തൈ പെരിയാറിന്റെ ആത്മാഭിമാന പ്രസ്ഥാനവും ഇടപെടലുകളുമാണ് അതിന്റെ അടിത്തറ. വൈക്കം സത്യഗ്രഹ സമരകാലത്ത് അറസ്റ്റിലായ കേരളത്തിലെ നേതാക്കളുടെ ക്ഷണമനുസരിച്ചാണ് തന്തൈ പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർ കേരളത്തിലെത്തുന്നത്. ചടങ്ങു മാത്രമായ വരമായിരുന്നില്ല അത്. അദ്ദേഹം വൈക്കത്തെ ജനങ്ങളെ സംഘടിപ്പിച്ചു. സമരം നയിച്ചു. രണ്ടു തവണ അറസ്റ്റിലായി. അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ് ഗാന്ധിജി തിരുവിതാംകൂർ റാണിയെ കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മയും സഹോദരി കണ്ണമ്മയും സമരത്തിന്റെ ഭാഗമായി. അയിത്ത ജാതിക്കാർക്കായി പൊതുനിരത്ത് സഞ്ചാര സാധ്യമാക്കുകയെന്നതായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ ആശയം. ഈ സമരവിജയമാണ് രാജ്യത്ത് സാമൂഹികനീതിക്കായുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. അവകാശം ലംഘിച്ചവർ ഇന്നു നമ്മളെ സ്വീകരിച്ച് ആനയിക്കുന്നു. ഇതാണ് സത്യഗ്രഹത്തിന്റെ മഹിമ. അക്രമസമരം നടത്തിയിരുന്നെങ്കിൽ പോലും ഈ വിജയം ലഭിക്കുമായിരുന്നില്ലെന്ന് പെരിയാർ പറയുമായിരുന്നു.
സമത്വവും സാമൂഹികനീതിയും എല്ലാവർക്കും വേണമെന്നാണ് തമിഴ്‌നാടിന്റെ കാഴ്ചപ്പാട്. ഇന്ത്യയിലെ ഭരണ പാടവമുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനും ഇതേ ആശയത്തെ പിൻതുടരുന്നു. അതിനാലാണ് വൈക്കത്ത് ഇത്തരമൊരു സ്മാരകമൊരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത്. അതിനെ പിന്തുണച്ച കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു. സാമൂഹിക നീതിയും സമത്വവും സ്വാഭിമാനവും നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രം നടപ്പാക്കാൻ കഴിയുന്നതല്ല. നമ്മുടെ മനോഭാവവും മാറണം. തന്തൈ പെരിയാറും ശ്രീ നാരായണ ഗുരുവും അംബേദ്കറും അയ്യങ്കാളിയും എല്ലാവർക്കും എല്ലാം എന്ന തത്വം ഉൾക്കൊണ്ടു. സമത്വ സമൂഹം സ്ഥാപിക്കുകയെന്ന എന്ന ആശയത്തിൽ തമിഴ്‌നാടും കേരളവും ഒന്നാണ്. ആ സഹകരണം തുടരുക തന്നെ ചെയ്യും-എം.കെ. സ്റ്റാലിൻ പറഞ്ഞു.