അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം: മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ താലിബാൻ സർക്കാരിലെ അഭയാർഥി കാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം ആറു മരണം. താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉയർന്ന നേതാവാണ് ഹഖാനി.
ബുധനാഴ്ച അഭയാർഥി കാര്യ മന്ത്രാലയ വളപ്പിലായിരുന്നു സ്ഫോടനം. അഫ്ഗാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‍വർക്കിന്റെ സ്ഥാപകൻ ജലാലുദീൻ ഹഖാനിയുടെ സഹോദരനായ ഖലീൽ ഹഖാനി, താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരിലൊരാളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.