വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും നാടിനു സമർപ്പിച്ചു
കേരളവും തമിഴ്‌നാടും കാട്ടുന്ന സഹകരണം കൂടുതൽ
സംസ്ഥാനങ്ങളുടെ ഇടയിൽ ഉണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം: കേരളത്തിന്റെ പ്രശ്‌നങ്ങളിൽ തമിഴ്‌നാടും തമിഴ്‌നാടിന്റെ പ്രശ്‌നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാക്കുകളിൽ ഒതുങ്ങുന്നതല്ല പ്രവൃത്തിയിൽ വെളിവാകുന്ന സഹകരണമാണിത്. സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ, നിരന്തര കൈകടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്‌നാടും ചെയ്യുന്നത്. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്‌നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല. പെരിയാർ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ വരും കാലങ്ങളിൽ ഇരു സംസ്ഥാനങ്ങൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്‌കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇവിആറെ തമിഴരാകെ ആദരവോടെ പെരിയാർ എന്നു വിളിക്കുന്നു. വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാർ. നടക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്‌നമായി ചുരുക്കി കാണുകയല്ല രാജ്യത്തിന്റെ ജനങ്ങളുടെയാകെ പ്രശ്‌നമായാണ് പെരിയാറും മറ്റും നേതാക്കളും കണ്ടത്. 1924 ഏപ്രിൽ 13 ന് പെരിയാർ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി. തിരുവിതാംകൂർ ഭരണസംവിധാനത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടൻ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവർ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി.
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനും അവർ സ്വന്തം നിലയ്ക്ക് ഭർത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാർ നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രപരമായിരുന്നു. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും കാണാൻ കഴിയും.
അരുക്കുറ്റിയിൽ നിന്ന് ജയിൽ മോചിതനായ പെരിയാർ വീണ്ടും സത്യഗ്രഹത്തിൽ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കൽപിച്ചു. ഉത്തരവ് പെരിയാർ ലംഘിച്ചതോടെ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ വിധത്തിൽ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങളിലെയും മന്ത്രിമാരടക്കമുള്ള നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിർത്തി വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിനു സമർപ്പിച്ചു. വൈക്കം ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. വൈക്കം പുരസ്‌കാരം ജേതാവ് കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിച്ചു.
ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥം വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിച്ചിരുന്നു.