IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക്
29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും അവകാശത്തോടൊപ്പമാണ് ഈ മേള നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായിക പായൽ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയ്‌ക്കാണ് പുരസ്കാരം. പായലിന് 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും മുഖ്യമന്ത്രി കൈമാറി.സുവർണ ചകോരം, രജത ചകോരം, കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് തുടങ്ങിയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വേദിയിൽ വച്ച് നടന്നു.
‘അപ്പുറം’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധാനത്തിനുള്ള പുരസ്കാരം ഇന്ദു ലക്ഷ്മി ഏറ്റുവാങ്ങി. മേളയിൽ താരമായത് ‘ഫെമിനിച്ചി ഫാത്തിമ’യായിരുന്നു. ഫാസിൽ മുഹമ്മദ് ഒരുക്കിയ ചിത്രത്തിന് മികച്ച സിനിമയ്‌ക്കുള്ള നെറ്റ്പാക്ക്, ഫിപ്രസി പുരസ്കാരങ്ങൾ ലഭിച്ചു. ജനപ്രിയ ചിത്രമെന്ന നേട്ടവും ഫെമിനിച്ചി ഫാത്തിമയാണ് സ്വന്തമാക്കിയത്.മികച്ച ഏഷ്യൻ ചിത്രമായി ‘മി, മറിയം, ദ ചിൽഡ്രൻ, ആൻഡ് 26 അതേഴ്സ്’ (ഇറാനിയൻ ചിത്രം) ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിന് രജത ചകോരവും ലഭിച്ചു. ഫർഷാദ് ഹാഷ്മിയാണ് സംവിധാനം. മൂന്ന് ലക്ഷം രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ശിവരഞ്ജിനി സംവിധാനം നിർവഹിച്ച ‘വിക്ടോറിയ’ മികച്ച മലയാള നവാഗത ചിത്രമായി. ‘മലു’ എന്ന ബ്രസീലിയൻ സിനിമയ്‌ക്കാണ് സുവർണ ചകോരം ലഭിച്ചത്. പെഡ്രോ ഫിയേറിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം.