പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ
പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. മൂന്ന് കുട്ടികൾ ഇസാഫ് ആശുപത്രിയിലും ഒരു കുട്ടി മദർ കെയർ ഹോസ്പിറ്റലിലും ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ.
എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.കോഴിക്കോട്-പാലക്കാട് പാതയിൽ കല്ലടിക്കോട് പനയംപാടത്താണ് സംഭവം. ലോറി മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്നു. എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിദ്യാർഥികൾ ലോറിക്കടിയിലായിരുന്നു.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു കുട്ടിയുടെ മുടി മുറിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തിൽ ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാർഥികളുടെ സംസ്കാരം നാളെ നടക്കും.