ഗുജറാത്തില്‍ ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടു
ഗുജറാത്തിലെ സൂറത്തില്‍ വന്‍ ബാങ്ക് കൊള്ള. ഇംഗ്ലീഷ് സിനിമയായ ‘ദി ബാങ്ക് ജോബി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മോഷണം നടത്തിയത്. ദേശീയ മാധ്യമമായ ടിംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കിം ക്രോസ് റോഡിന് സമീപമുളള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബാങ്കിലെ നിരീക്ഷണ ക്യാമറകളുടെ കേബിളുകള്‍ മുറിച്ച് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ അലാറം കേടുവരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബാങ്കിലെ ലോക്കറുകള്‍ മോഷ്ടാക്കള്‍ തകര്‍ത്തത്.
ബാങ്ക് നിലവറയിലെ ഭിത്തി തുരന്ന് ഉള്ളിലെത്തിയ മോഷ്ടാക്കള്‍ 75 ലോക്കറുകളില്‍ ആറെണ്ണം തകര്‍ത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കടത്തി. ഭിത്തിയില്‍ രണ്ടടി വലിപ്പമുള്ള കുഴിയുണ്ടാക്കിയാണ് ഇവര്‍ ലോക്കര്‍ റൂമിലേക്ക് കടന്നത്.
തകര്‍ത്ത ലോക്കറുകളില്‍ മൂന്നെണ്ണം ശൂന്യമായിരുന്നെങ്കിലും ബാക്കിയുള്ള 3 ലോക്കറുകളില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ലോക്കര്‍ ഉടമകളെല്ലാം നിലവില്‍ പലയിടങ്ങളിലായതുകൊണ്ട് ഇവര്‍ വന്ന് പരിശോധിച്ച ശേഷമേ പൊലീസിന് ലോക്കറുകളിലെ നഷ്ടം എത്ര എന്നതുസംബന്ധിച്ച് കൃത്യമായൊരു കണക്ക് നല്‍കാനാകൂ.
മോഷ്ടാക്കള്‍ പ്രൊഫഷണലുകളാണെന്നും ബാങ്കുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും മോഷണത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവ സ്ഥലത്തുനിന്നും ലോക്കറുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.