കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.നവംബർ 4 നാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 19 ന് യുവതി മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.