ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക കായിക പദ്ധതികളുടെ ലക്ഷ്യം- മന്ത്രി എം.ബി രാജേഷ്
കായിക താരങ്ങളെ വളർത്തിയെടുക്കുക കായിക പരിശീലനം നൽകുക എന്നതിലുപരി ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നല്ല കായിക സൗകര്യങ്ങൾ ഉണ്ടാവുക എന്നത് മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള നല്ല പ്രവർത്തനമാണ്. എല്ലാ മേഖലയെയും സ്പർശിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് തൃത്താല നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ പഞ്ചായത്തിലെ കരണപ്ര മിനി സ്റ്റേഡിയം നവീകരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ഒരു കൊടി രൂപ ചെലവിലാണ് നവീകരണം. പ്രധാനമായും ഗ്രൗണ്ട് ഡെവലപ്മെന്റ്, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ട്രെയിൻ, ഇൻ്റർ ലോക്ക്, ബോർവെൽ, ടോ യ്ലെറ്റ് കം ചെയ്ഞ്ച് റൂം, സ്ട്രീറ്റ് ലൈറ്റ്, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, കായിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.