ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നുമാണ് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നത്.
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും നടത്തിയ സംഭാഷണത്തിനിടെ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുമായി താൻ കുടിയേറ്റത്തെക്കുറിച്ച് ചർച്ച ചെയ്തതായും ‘അനധികൃത കുടിയേറ്റക്കാരെ’ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇന്ത്യ ‘ശരിയായത്’ ചെയ്യുമെന്നും പ്രസിഡൻ്റ് ട്രംപ് പറഞ്ഞിരുന്നു.
2023 ഒക്‌ടോബറിനും 2024 സെപ്‌റ്റംബറിനുമിടയിൽ ഇന്ത്യയിൽ നിന്നുള്ള 1100-ലധികം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തി. ഇന്ത്യൻ പൗരന്മാരിൽ ആരെങ്കിലും നിയമവിരുദ്ധമായി അമേരിക്കയിൽ തുടരുന്നുണ്ടെങ്കിൽ അവരുടെ ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ തിരിച്ചുവരവിന് തയാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ ശക്തമായി എതിർക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.