സൗദിയിൽ വാഹനാപകടം: മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു. ജിസാനിലെ അറാംകോ റിഫൈനറി റോഡിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഒൻപത് പേർ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാൾ സ്വദേശികളും മൂന്നു പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31) ആണ് അപകടത്തിൽ മരിച്ച മലയാളി. മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലേക്ക് മാറ്റി. എസിഐസി സർവീസ് കമ്പനിയിലെ തൊഴിലാളികൾ സഞ്ചരിച്ച മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
വാഹനത്തിൽ 26 പേരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ചുതന്നെ പതിനഞ്ച് പേരും മരിച്ചു. അപകടത്തിൽ പൂർണ്ണമായി തകർന്ന വാഹനത്തിൽ നിന്നും ഫയർ ഫോഴ്സിൻ്റെയും രക്ഷാ പ്രവർത്തകരുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. മൂന്ന് വർഷമായി ഈ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മ മോഹത്തഷിം റാസ, ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.