ചെന്താമര അന്ധവിശ്വാസി; സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തില്‍
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്ന്. ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു.
അതേസമയം കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമാണ്. കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും.
ഇന്നലെ രാത്രിയിലും വന മേഖലയിൽ ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്താമരയുടെ സഹോദരനുമായി പൊലിസ് തിരുപ്പൂരിലേക്ക് തിരിച്ചു. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.