നെയ്യാറ്റിൻകര ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു
സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ ഗോപൻ്റെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
ഇന്നലെ അതിരാവിലെയാണ് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. രാവിലെ 9 മണിയോടെ പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അതേസയമയം, പോസ്റ്റ്‍മോർട്ടത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ രംഗത്തെത്തി. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും സനന്ദൻ പറഞ്ഞു.