ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിമാൻഡിൽ, ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്
ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതുവിന് മാനസിക വൈകല്യം ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ എസ്. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ആശുപത്രിയിലും ഇയാൾ ചികിത്സ തേടിയിട്ടില്ലെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ഋതുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ. വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ഗുരുതരമായി പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്കെടുത്ത് പോകുകയായിരുന്ന റിതുവിനെ ഹെല്‍മറ്റില്ലാതെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തു. വേണുവിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ വിവരം യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വേണുവിന്റെ കുടുംബവുമായി ഉടലെടുത്ത തര്‍ക്കമാണ് ഇയാളെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.