കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി
മദ്യം നൽകി ബോധം കെടുത്തി സിവിൽ സർവീസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഒക്ടോബർ എട്ടിന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
സിവിൽ സർവീസ് വിദ്യാർഥിനിയായ പെൺകുട്ടി സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. ഇവരുടെ മറ്റൊരു സുഹൃത്തിന്റെ പരിചയക്കാരനായ ദീപു സുഹൃത്തിനെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്നു പറഞ്ഞ് ഇവരുടെ അപ്പാർട്ടമെന്റിൽ എത്തുകയായിരുന്നു. തുടർന്ന് മദ്യം നൽകി ബോധം കെടുത്തിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. ഈ ദൃശ്യങ്ങൾ ദീപു മൊബൈലിൽ പകർത്തി. സംഭവം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് പൊലീസിന് പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദീപു ഒളിവിലാണെന്ന് കണ്ടെത്തി.പ്രീമിയം കാറുകളുടെ വില്‍പനയാണ് ദീപുവിനെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.