പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു; ഈ മാസം ഇത് 15ാം തവണ
ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. ഈ ഒരു മാസം ഇത് പതിനഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 96ന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.98 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ വില 91.28 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 94.10 രൂപയും ഡീസലിന് 89.52 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 94.41 രൂപയും ഡീസലിന് 89.83 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.54 രൂപയും ഡീസലിന് 4.19 രൂപയുമാണ് വര്‍ധിച്ചത്.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളിലാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായുള്ള വില വര്‍ധനവ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഈ മാസം മാത്രം ഇതിനോടകം 15 തവണ വില വര്‍ധിപ്പിച്ചു. ഫെബ്രുവരിയില്‍ 16 തവണയാണ് വില വര്‍ധിപ്പിച്ചത്. ഏകദേശം 20 രൂപക്ക് മുകളിലാണ് കഴിഞ്ഞ ഒരു വര്‍ഷം വര്‍ധനവ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതിന് മുന്‍പ് വില വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് അന്ന് വര്‍ധിപ്പിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപയും ഡീസലിന് 84.95രൂപയുമാണ്.