
ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി. നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്നവരും അത്തരം പരസ്യങ്ങൾ ഉണ്ടാക്കുന്നവരെപോലെ ഉത്തരവാദികളാണെന്ന് ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലിയും അഹ്‌സനുദീൻ അമാനുള്ളയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ പതഞ്‌ജലി കമ്പനിക്ക് എതിരായ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. കേന്ദ്ര ഉപഭോക്‌തൃസംരക്ഷണ അതോറിറ്റി (സിസിപിഎ) മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങളെ മാത്രമേ താരങ്ങളും ഇൻഫ്ലുവെൻസർമാരും പ്രമുഖവ്യക്തികളും സാക്ഷ്യപ്പെടുത്താൻ പാടുള്ളു. സിസിപിഎ മാർഗനിർദേശങ്ങളും ഉപഭോക്‌തൃസംരക്ഷണ നിയമവും തെറ്റിദ്ധാരണജനകമായ പരസ്യങ്ങളുടെ പിടിയിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ളതാണ്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് നൽകുന്ന പരസ്യങ്ങൾക്ക് എതിരെ ഉപയോക്താക്കൾ നൽകുന്ന പരാതികൾ തീർപ്പാക്കാൻ സംവിധാനം വേണം. അതുണ്ടാകുന്നതുവരെ തങ്ങൾ നൽകുന്ന പരസ്യങ്ങൾ ചട്ടങ്ങൾ എല്ലാം പാലിച്ചുള്ളവയാണെന്ന് പത്ര, ദൃശ്യമാധ്യമങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഇടക്കാലഉത്തരവിൽ നിർദേശിച്ചു.