ദേശീയ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.
അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു.
പണിമുടക്കിൽ പങ്കെടുക്കില്ല എന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട് എങ്കിലും പല കടകളും അടഞ്ഞു കിടക്കുകയാണ്. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്.
ബി.എം.എസ്. ഒഴികെ ഏകദേശം 200ൽ അധികം സംഘടനകളാണ് പണിമുടക്കുന്നത്.