ഗുലാം നബി ആസാദിനെ കശ്മീര്‍ വിമാനത്താവളത്തില്‍ തടഞ്ഞു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ കശ്മീര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. കശ്മീര്‍ സന്ദര്‍ശനത്തിനായാണ് ഗുലാം നബി ആസാദ് എത്തിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദ് ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
നേരത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കശ്മീരിലെ ജനങ്ങളുമായി ഇടപഴകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതിനെ ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. പണം കൊടുത്ത് ആര്‍ക്കും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കാം എന്നായിരുന്നു ആസാദിന്റെ വിമര്‍ശനം. കശ്മീരിലെ പ്രശ്നബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഡോവല്‍ പ്രദേശവാസികളോട് സംസാരിക്കുന്നതും നടപ്പാതയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്.