സംസ്ഥാനത്ത് ഇന്ന് രണ്ട് വിമാനങ്ങളിലായി 339 പ്രവാസികളെത്തും
എറണാകുളം: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്നും തുടരും. സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റിനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങള്‍. റിയാദ് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.15ന് കോഴിക്കോട്ടേക്ക് പുറപ്പെടും. സൗദിയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്ത അറുപതിനായിരം പ്രവാസികളില്‍ നിന്ന് തിരഞ്ഞെടുത്ത 162 പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.
പതിനെണ്ണായിരത്തോളം രൂപയാണ് റിയാദില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ രാവിലെ പ്രാദേശികസമയം ഒമ്പത് മണിയോടെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്കാനിങ് നടത്തിയ ശേഷമായിരിക്കും വിമാനത്തിനുള്ളിലേക്ക് പ്രവേശനം. വിമാനത്തിനുള്ളില്‍ ഭക്ഷണവിതരണമുണ്ടാകില്ലെന്ന് എംബസി അറിയിച്ചു.
ബഹ്റിന് രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന് നെടുമ്ബാശ്ശേരിയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് പുറപ്പെടുന്നത്. ബഹ്റിനില്‍ രജിസ്റ്റര്‍ ചെയ്ത പന്ത്രണ്ടായിരത്തോളം പ്രവാസികളില്‍ നിന്ന് 177 പേരാണ് യാത്രക്കൊരുങ്ങുന്നത്. 16,800 രൂപയോളമാണ് ബഹ്റിനില്‍ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക്. അതേസമയം അര്ഹരായവര്ക്കെങ്കിലും ടിക്കറ്റ് നിരക്ക് സൗജന്യമാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എംബസികള്‍ അംഗീകരിച്ചിട്ടില്ല.