ക്വാറന്റീന് വിഷയം: മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അനില്‍ അക്കര
തൃശൂര്‍: ക്വാറന്റീന് വിഷയത്തില്‍ തനിക്കും മന്ത്രി എസി മൊയ്തീനും രണ്ടു നീതിയാണെന്നും ഇക്കാര്യത്തില്‍ ഇടപെട്ട് ഉചിത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ക്വാറന്റീന് വിഷയത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
വാളയാറില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കോവിഡ് രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് അനില്‍ അക്കരെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളോട് ക്വാറന്റീനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. അതേസമയം ഗുരുവായൂരില്‍ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന് ക്വാറന്റീന് വേണ്ടെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിലപാട്.