പുതുമേഖലകളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ
പുതിയ തൊഴിൽ മേഖലകളിലേക്കും നവീന കൃഷി രീതികളിലും കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര ഹൈലാൻഡ് സെന്ററിൽ എ.ഡി.എസ് ഭാരവാഹികൾക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാന കേരളം പദ്ധതിയുടെ പ്രധാന പങ്കാളിയാണ് കുടുംബശ്രീ. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. വെളിയം പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച പ്രദർശന വിപണമേള വലിയ വിജയമായി. അലങ്കാര ചെടികൾ, വാണിജ്യമൂല്യമുള്ള വിദേശയിനം കാർഷിക ഉൽപന്നങ്ങളുടെ കൃഷി എന്നിവയിലേക്ക് കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. വിഴിഞ്ഞം തുറമുഖം ഒരുക്കുന്ന കയറ്റുമതി സാധ്യതകൾ കുടുംബശ്രീ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആർ. വിമൽചന്ദ്രൻ അധ്യക്ഷനായി. അസിസ്റ്റൻറ് കോഡിനേറ്റർ ആർ. രതീഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ബിന്ദു ഉത്തമൻ, മിനിമോൾ, ഷൈലജ, പ്രീത, മായാദേവി, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

