കൊട്ടാരക്കര നഗരസഭയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു
ഉന്നതികളുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര നഗരസഭയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പടിഞ്ഞാറ്റിൻകര സർക്കാർ യു.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 2.10 കോടി രൂപ ചെലവഴിച്ച് പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തി റോഡുകളുടെ വികസന പ്രവർത്തികൾ നടപ്പാക്കുകയാണ്. ആയുർവേദ ആശുപത്രിയുടെ നിർമാണം, വർക്ക് നിയർ ഹോം പദ്ധതി എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കഥകളി പഠനകേന്ദ്രവും ഗണപതി ക്ഷേത്രത്തിന് അടുത്തായി ഒരുക്കുന്ന ദേവസ്വം ഗസ്റ്റ് ഹൗസിന്റെ നിർമാണം ത്വരിതപെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ. കെ ഉണ്ണികൃഷ്ണൻ മേനോൻ അധ്യക്ഷനായി.
2.10 കോടി ചെലവഴിച്ച് പടിഞ്ഞാറ്റിൻകര- കൊല്ലായ്ക്കരോട് – അവണൂർ- പാലമുട് റോഡിൻ്റെ ബി എം- ബി സി പ്രകാരമുള്ള നവീകരണം, പട്ടികജാതി വികസന വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചുള്ള കണിയാംകോണം പട്ടികജാതി സങ്കേതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസന പ്രവർത്തികൾ, കൊട്ടാരക്കര നഗരസഭ സ്ഥലം ലഭ്യമാക്കി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയതായി നിർമ്മിക്കുന്ന 10-ാം നമ്പർ അംഗൻവാടി കെട്ടിടം തുടങ്ങിയവയുടെ നിർമാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

