കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്. ഇന്നുചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കെ ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
കെ ജയകുമാർ ഐഎഎസ് ഇതാദ്യമല്ല ശബരിമലയുടെ ചുമതലയിൽ വരുന്നത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി, എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.

