സെന്റ് മേരീസ് പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ചേർത്തല മണ്ഡലത്തിൽ പൊതുമരാമത്ത്, ടൂറിസം മേഖലകളിലെ സാധ്യതകൾ പരിശോധിച്ച് കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സെന്റ് മേരീസ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കോടികളുടെ പദ്ധതികളാണ് മണ്ഡലത്തിൽ ഇതിനോടകം നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനോടകം കോടികളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല മണ്ഡലത്തിലെ അടുത്ത പ്രധാന ലക്ഷ്യം ഇരുമ്പ് പാലത്തിന്റെ പുനർനിർമ്മാണം ആണെന്നും അദ്ദേഹം വ്യക്തമാക്കി.പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ചേർത്തല സെൻ്റ് മേരീസ് പാലം പുനർനിർമ്മിച്ചത്.
രണ്ട് മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 24 മീറ്റർ നീളവും 14 മീറ്റർ വീതിയുമുണ്ട്. ഇരുകരകളിലെയും 6 റോഡുകൾ 100 മീറ്റർ നീളത്തിൽ വികസിപ്പിച്ചിട്ടുണ്ട് .2022 ജൂൺ 6നാണ് നിർമ്മാണം പ്രവർത്തികൾ ആരംഭിച്ചത്.
ചടങ്ങിൽ ചേർത്തല നഗരസഭ അധ്യക്ഷ ഷേർലി ഭാർഗവാൻ, മുൻ എം.പി. എ.എം. ആരിഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. സാബു, ശോഭ ജോഷി, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

