മിനി സിവിൽ സ്‌റ്റേഷൻ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ചു
മാനന്തവാടി നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്‌റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫീസ് ഹാളിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യമില്ലാത്ത കേരളത്തെ വാർത്തെടുക്കാൻ സർക്കാർ നാലുവർഷത്തെ കഠിന ശ്രമം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. 62 ലക്ഷം പേര്‍ക്ക് എല്ലാ മാസവും 2000 രൂപയുടെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനന്തവാടിയിൽ റവന്യൂ വകുപ്പടക്കം വിവിധ വകുപ്പുകളുടെ ഓഫീസുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി പല സ്ഥലങ്ങൾ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് പരിപാടിയിൽ അധ്യക്ഷത വഹി പട്ടിക ജാതി – പട്ടിക വർഗ്ഗ- പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു പറഞ്ഞു. 2210 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിൽ റീ-സർവ്വേ ഓഫീസ്, ലോട്ടറി സബ് ഓഫീസ്, ഡിസ്ട്രിക്ട് സ്റ്റാമ്പ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവയ്ക്കൊപ്പം ടോയ്ലറ്റ് സൗകര്യങ്ങൾ, റാമ്പ്, ലിഫ്റ്റ് എന്നിവയുമുണ്ടാകും. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, മാനന്തവാടി തഹസിൽദാർ പി.യു സിത്താര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

