ചേലോറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം
ചേലോറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റിയ ഒൻപത് വർഷങ്ങളാണ് കഴിഞ്ഞുപോയതെന്നും കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ പാർലമെന്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്ന് ക്ലാസ് മുറികളും ഒരു ലാബും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർഡ് കൗൺസിലർ കെ പ്രദീപൻ അധ്യക്ഷനായി. കണ്ണൂർ പൊതുമരാമത്ത് വകുപ്പ് കെട്ടിടം അസി. എക്സിക്യൂട്ടീവ് എഞ്ചീനയർ വി.പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ചേലോറ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി പ്രസീത, ഹെഡ്മിസ്ട്രസ് സി.കെ സീമ, വികസന സമിതി ചെയർമാൻ എം നൈനോഷ്, പിടിഎ പ്രസിഡന്റ് എം അനീഷ് കുമാർ, സ്‌കൂൾ പാർലമെന്റ് ചെയർമാൻ ഫിദൽ പത്മജാക്ഷൻ, കെ ബാബുരാജ്, പി ചന്ദ്രൻ, കെ.പി പ്രശാന്ത്, സി ഏറമുള്ളാൻ, എം.പി പ്രദീപ് മാസ്റ്റർ, കെ.പി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

