
കണ്ണൂരിന്റെ ഭരണ സിരാകേന്ദ്രം ഇനി ശുചിത്വത്തിന്റെ മാതൃകാകേന്ദ്രം
മികച്ച ജൈവ, അജൈവ മാലിന്യ പരിപാലനം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, സൗന്ദര്യവല്‍ക്കരണം, പൊതുശുചിത്വ നിലവാരം, ഹരിത പ്രോട്ടോക്കോള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സിവില്‍ സ്റ്റേഷന്‍ ഹരിത സ്ഥാപനമായത്. ഹരിത ഓഫീസ് ഗ്രേഡിങ്ങിനായുള്ള വകുപ്പ് മേധാവികള്‍ക്കുള്ള വിശദീകരണ യോഗങ്ങളും പരിശോധനാ ഘടകങ്ങളും അവതരിപ്പിക്കാന്‍ ഹരിത കേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നല്‍കിയിരുന്നു. സിവില്‍ സ്റ്റേഷന്‍ മന്ദിരം, അനക്സ്, പി ഡബ്ല്യു ഡി കോംപ്ലക്സ് എന്നിവിടങ്ങളില്‍ നിരന്തര മോണിറ്ററിങ്ങിനായി ഓരോ ഫ്ളോറിലും ഫ്ളോര്‍ മാനേജര്‍മാരെ നിയമിച്ചിരുന്നു. ഇതോടൊപ്പം പ്രതിമാസ യോഗങ്ങള്‍, വിലയിരുത്തലുകള്‍, ഹരിതവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. പൊതുശുചീകരണവും ഓഫീസ് തല ശുചീകരണവും നടത്തി.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ മരങ്ങള്‍ സംബന്ധിച്ച പഠനം നടത്തി ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചു. പൊതു ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍ മുഴി മോഡല്‍ കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി.
സിവില്‍ സ്റ്റേഷന്‍ ഓഫീസ് സമുച്ചയത്തിലെ 93 ഓഫീസുകളില്‍ പരിശോധന ടീം സന്ദര്‍ശനം നടത്തി. 31 ഘടകങ്ങളെ ആസ്പദമാക്കി 72 ഓഫീസുകള്‍ എ പ്ലസ് ഗ്രേഡും 21 ഓഫീസുകള്‍ എ ഗ്രേഡും നേടി. ഓഫീസ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി 2843 ചെടിച്ചട്ടികളിലായുള്ള വിവിധയിനം ചെടികള്‍ ഇവിടെയുണ്ട്. വൃക്ഷത്തൈകള്‍, വള്ളിച്ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പച്ചക്കറി കൃഷി എന്നിവയും സിവില്‍ സ്റ്റേഷന്റെ പ്രത്യേകതയാണ്. ഇവിടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഓഫീസ് ഹരിതചട്ട പാലനത്തിന്റെ ഭാഗമായി 2584 കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും ഗ്ലാസുകളുമുണ്ട്. ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെടുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ 285 ബിന്നുകളും ഇവയിലെ മാലിന്യങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ഹരിതകര്‍മ സേനയ്ക്ക് നല്‍കാനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.